rahmathullah quasimi muthedam

പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ദുശ്ശീലം ക്രിയാത്മകതയെ നശിപ്പിക്കുന്നു-റഹ്മത്തുല്ല ഖാസിമി


കോഴിക്കോട്: പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ദുശ്ശീലവും നാട്യങ്ങളും മനുഷ്യരുടെ ക്രിയാത്മകതയെ നശിപ്പിക്കുന്നതായി ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഡയരക്ടര്‍ റഹ്മത്തുല്ല ഖാസിമി മുത്തേടം അഭിപ്രായപ്പെട്ടു.വിഭവചൂഷണത്തിലൂടെ സുഖവും ആസ്വാദനവും നടപ്പാക്കുന്ന പടിഞ്ഞാറന്‍സംസ്‌കാരം ലോകത്തിന്റെ ദൗര്‍ബല്യമാണ്. പടിഞ്ഞാറിന്റെ ചിന്ത ശരീരത്തെയും പൗരസ്ത്യചിന്ത ആത്മാവിനെയുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'വ്രതം വിശുദ്ധിക്ക് ഖുര്‍ആന്‍ മോചനത്തിന്' എന്ന പ്രമേയത്തില്‍ അരയിടത്തുപാലത്ത് ശിഹാബ്തങ്ങള്‍ നഗറില്‍ നടക്കുന്ന റംസാന്‍പ്രഭാഷണത്തില്‍ 'പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ ശീലങ്ങള്‍ എന്ന വിഷയം' അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്യൂണിസവും മുതലാളിത്തവും പണാധിപത്യത്തിനാണ് ശ്രമിക്കുന്നത്. എളുപ്പം ലാഭം നേടുന്നതിന് കായിക രംഗംവരെ മലിനപ്പെടുത്തിയപ്പോള്‍ അതിന് അടിമകളാക്കപ്പെട്ടവരില്‍ കൂടുതലും മലയാളികളാണെന്നത് വേദനാജനകമാണ്. നമ്മുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് നാടുകടന്നവരെ വീണ്ടും അനുകരിക്കുന്നത് കനത്ത പ്രത്യാഘാതമാണ് സൃഷ്ടിക്കുക-ഖാസിമി പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ അധ്യക്ഷനായിരുന്നു. എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്തു. യു.സി.രാമന്‍ എം.എല്‍.എ, പി.പി.മുഹമ്മദ് ഫൈസി എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞദിവസത്തെ പ്രഭാഷണ വി.സി.ഡി. 'മാനവികത: മറക്കരുത് മരിക്കരുത്' മഹ്‌റൂഫ് മമ്പാടിന് നല്‍കി മുഹമ്മദ്‌കോയതങ്ങള്‍ പ്രകാശനംചെയ്തു. കണ്‍വീനര്‍ പി.വി. ഷാഹുല്‍ഹമീദ് സ്വാഗതവും റഫീഖ് പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച 'സിഹ്‌റ്: തിന്മയുടെ വലക്കെണികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും.



വ്രതം വിശുദ്ധിക്ക്, ഖുര്‍ആന്‍ മോചനത്തിന്